Saturday, May 2, 2026
spot_imgspot_img

Top 5 This Week

spot_img

Related Posts

കാനഡയിൽ പ്രമുഖ ഇന്ത്യൻ വംശജനായ വ്യവസായിയെ വീടിന് മുന്നിൽ വെടിവെച്ച് കൊന്നു; സംഭവം ബ്രിട്ടീഷ് കൊളംബിയയിൽ

വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ വംശജനും പ്രമുഖ വ്യവസായിയുമായ ദർശൻ സിംഗ് സാഹ്‍സി (68) വെടിയേറ്റ് കൊല്ലപ്പെട്ടു. ലുധിയാന സ്വദേശിയും പ്രശസ്തനായ പഞ്ചാബി-കനേഡിയൻ ബിസിനസുകാരനുമാണ് അദ്ദേഹം.

തിങ്കളാഴ്ച രാവിലെ 9:22-ഓടെ അബ്ബോട്ട്സ്ഫോർഡിലെ റിഡ്ജ് വ്യൂ ഡ്രൈവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. ദർശൻ സിംഗ് സാഹ്‍സി സ്വന്തം വാഹനത്തിൽ കയറാൻ ഒരുങ്ങുന്നതിനിടെ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കാത്തിരുന്ന അക്രമി അദ്ദേഹത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ കൊലയാളി കാറുമായി സംഭവസ്ഥലത്ത് നിന്ന് അതിവേഗം രക്ഷപ്പെട്ടു.

ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അബ്ബോട്ട്സ്ഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ഇതൊരു ആസൂത്രിത കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി കേസ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് (IHIT) കൈമാറി. കൊലയാളിക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. മുൻകരുതലെന്ന നിലയിൽ സമീപത്തുള്ള മൂന്ന് സ്‌കൂളുകൾ താത്കാലികമായി അടച്ചുപൂട്ടിയതായും, വിദ്യാർഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ക്ലോത്തിം​ഗ് റീസൈക്ലിം​ഗ് രംഗത്ത് ലോകമെമ്പാടും പ്രശസ്തമായ ‘കാനാം ഇന്റർനാഷണൽ’ എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റാണ് കൊല്ലപ്പെട്ട ദർശൻ സിംഗ് സാഹ്‍സി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BdXwYUmHjmE31GOwCPbt2F

Popular Articles