വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ (ബി.സി.) ബെല്ല കൂളയിൽ (Bella Coola) സ്കൂൾ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെട്ട സംഘത്തിന് നേരെ ഗ്രിസ്‌ലി കരടിയുടെ (Grizzly Bear) ആക്രമണം. സംഭവത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:35 ഓടെ ഹൈവേ 20 ന് സമീപമുള്ള ഒരു കാൽനട പാതയിൽ ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന സ്കൂൾ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ വനമേഖലയിൽ നിന്ന് പുറത്തുവന്ന കരടി യാതൊരു പ്രകോപനവുമില്ലാതെ സംഘത്തെ ആക്രമിക്കുകയായിരുന്നു. ബി.സി. കൺസർവേഷൻ ഓഫീസർ സർവീസ് (BC Conservation Officer Service) ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
നക്സൽക്ക് ഫസ്റ്റ് നേഷൻ നടത്തുന്ന സ്വതന്ത്ര സ്കൂളായ ആക്സ്വാൽക്താ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനായി അധ്യാപകർ ബിയർ സ്പ്രേ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ ഉപയോഗിച്ച് ശക്തമായി ചെറുത്തുനിന്നതായി അധികൃതർ വ്യക്തമാക്കി.
ബി.സി. എമർജൻസി ഹെൽത്ത് സർവീസസ് നൽകുന്ന വിവരമനുസരിച്ച്, നാല് പേർക്ക് സംഭവസ്ഥലത്ത് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ഇരയായ കുട്ടികൾക്ക് ഒമ്പതും പത്തും വയസ്സാണ് പ്രായം.
കരടിയുടെ ആക്രമണത്തിന് പിന്നാലെ കൺസർവേഷൻ ഓഫീസർമാർ സ്ഥലത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചെങ്കിലും കരടിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ, അധികൃതർ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. 4 മൈലിനടുത്തുള്ള വനപ്രദേശങ്ങളിലേക്കും നദീതീരത്തേക്കും പോകുന്നത് ഒഴിവാക്കണമെന്നും, സുരക്ഷ ഉറപ്പാക്കും വരെ വീടിനുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കരടിയെ കണ്ടെത്തി പ്രദേശത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.





