സറേ, ബി.സി.: സറേ നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ നാല് വെടിവെപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു പോലീസ് സ്റ്റേഷന് നേരെയും റെസ്റ്റോറന്റുകൾക്കും വീടുകൾക്കും നേരെ നടന്ന ആക്രമണങ്ങൾ നഗരത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സറേ മേയർ ബ്രെൻഡ ലോക്ക് ഈ സംഭവങ്ങളെ തുടർന്ന് “സറേ നഗരത്തിൽ വളരെ മോശം ഒരു ദിവസമാണ് കടന്നുപോയത്” എന്ന് പ്രതികരിച്ചു.
കിംഗ് ജോർജ് ബൗലെവാർഡിലെ (King George Boulevard) ഗേറ്റ്വേ സ്കൈട്രെയിൻ സ്റ്റേഷന് (Gateway SkyTrain Station) സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ശേഷം നിരവധി വെടിയുതിർത്ത സംഭവമാണ് ഏറ്റവും വലുത്. പ്രതി ഉടൻ തന്നെ സമീപത്തുള്ള വാലി കമ്മ്യൂണിറ്റി പോലീസ് സ്റ്റേഷന് നേരെ വെടിയുതിർക്കുകയും അവിടേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് സർവീസ് ഡോഗിൻ്റെ സഹായത്തോടെ പോലീസ് സ്റ്റേഷൻ്റെ വാതിൽക്കൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാൾ പോലീസിന് പരിചിതനാണെങ്കിലും വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതി സ്റ്റേഷനുള്ളിൽ ഉപേക്ഷിച്ച ഒരു ബാഗ് പരിശോധിക്കാനായി ബോംബ് സ്ക്വാഡിനെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
ഇതുകൂടാതെ തിങ്കളാഴ്ച പുലർച്ചെ രണ്ട് വ്യത്യസ്ത വീടുകൾക്ക് നേരെയും ഒരു ഇന്ത്യൻ റെസ്റ്റോറന്റിന് നേരെയും വെടിവെപ്പ് നടന്നിരുന്നു. റെസ്റ്റോറന്റിന് നേരെയുള്ള വെടിവെപ്പ് പണം തട്ടാനുള്ള ശ്രമങ്ങളുമായി (extortion) ബന്ധപ്പെട്ടതാകാം എന്ന് പോലീസ് സംശയിക്കുന്നു. “ക്രിമിനലുകൾ പോലീസ് കമ്മ്യൂണിറ്റി സെന്ററുകൾക്ക് നേരെ വെടിയുതിർക്കുന്നത് നിയമങ്ങൾ കടുപ്പമില്ലാത്തതിൻ്റെ സൂചനയാണ്,” എന്ന് സറേ കൗൺസിലർ ലിൻഡാ ആനിസ് അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BdXwYUmHjmE31GOwCPbt2F





